ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ കത്തി കൊണ്ട് ആക്രമണം നടത്തിയ അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു. അക്രമി ശരീരത്തില്‍ വ്യാജ ബോംബ് ഘടിപ്പിച്ചാണ് എത്തിയത്. നിരവധി പേര്‍ക്കു നേരെ കത്തിക്കുത്ത് നടത്തിയ ഇയാളെ ഇരച്ചെത്തിയ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതൊരു ഭീകരാക്രമാണെന്ന് ലണ്ടന്‍ പോലീസ് അറിയിച്ചു. ലണ്ടന്‍ പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ കൃത്യമായി നടപ്പാക്കണമെന്നും കടുത്ത കുറ്റം ചെയ്ത പലരും വേഗം തന്നെ ജയിലില്‍ നിന്നിറങ്ങുന്നതാണ് പ്രശ്നമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രതികരിച്ചു.
മെട്രോപൊളിറ്റന്‍ പോലീസ് വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരികയാണെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ട്വിറ്ററിലൂടെ അറിയിച്ചു. 2017-ല്‍ ആക്രമണമുണ്ടായ അതേസ്ഥലത്താണ് ഇത്തവണയും ആക്രമണം ഉണ്ടായിരിക്കുന്നത്. അന്ന് ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടിരുന്നു. കാല് നടയാത്രക്കാര്‍ക്ക് നേരെ അക്രമികള്‍ വാന്‍ ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത.്