ഇടുക്കി : ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ മുല്ലൂര്‍ റിജോഷി(31)നെ കൊലപ്പെടുത്തിയ ശേഷം മുംബൈയിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജര്‍ ‌ഇരിങ്ങാലക്കുട സ്വദേശി വസീ(32)മിന്റെ ആരോഗ്യനില വീണ്ടും വഷളായി. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് 21 ദിവസമായി മുംബൈ ജെജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വസീമിന്റെ നില വീണ്ടും ഗുരുതരമായത്.

കേസിലെ രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയും ആയ ലിജി(29)യെ കഴിഞ്ഞ ചൊവ്വാഴ്ച പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ലോഡ്ജില്‍ മകള്‍ ജൊവാന(2)യെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണു ലിജിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ലിജിയെ റിമാന്‍ഡ് ചെയ്തു.

റിജോഷ് വധക്കേസില്‍ ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ തെളിവെടുപ്പിനു ശാന്തന്‍പാറ പുത്തടിയില്‍ എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുംബൈയിലെ കോടതി റിമാന്‍ഡ് ചെയ്ത ലിജിയെ ജയിലില്‍ നിന്നു വിട്ടുകിട്ടുന്നതിനുള്ള അനുമതി കോടതിയില്‍ നിന്നു വാങ്ങാന്‍ പൊലീസ് നടപടി ആരംഭിച്ചു. രണ്ടാഴ്ചയ്ക്കകം തെളിവെടുപ്പിന് എത്തിക്കാനാണു പൊലീസിന്റെ നീക്കം.

കഴിഞ്ഞ 9ന് ആണ് വിഷം കഴിച്ച്‌ അവശനിലയിലായ ലിജിയെയും കാമുകന്‍ വസീമിനെയും(32) പന്‍വേല്‍ പൊലീസ് മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിജോഷിന്റെ ഇളയ മകള്‍ ജൊവാന വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ ആയിരുന്നു.