സിനിമയില്‍ വരുന്നതിന് മുമ്ബ് ജീവിതത്തിലെ അനുഭവം പങ്ക് വെയ്ക്കുന്നതില്‍ പല താരങ്ങളും മടി കാണിക്കാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ താരങ്ങള്‍ മടി കാണിക്കാറില്ല. ഇപ്പോള്‍ തന്റെ കൗമാരക്കാലത്തെ ബോഡി ഷെയിമിങ്ങിനെപ്പറ്റിയുള്ള അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ഇലിയാന ഡിക്രൂസ്.

നേരിട്ടും സൈബര്‍ ഇടത്തിലും പരിഹാസവും അപമാനവും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് തന്റെ അപൂര്‍ണതകളെ സ്‌നേഹിക്കാന്‍ പഠിക്കുകയായിരുന്നുവെന്ന് ഇലിയാന പറഞ്ഞു.

‘എന്റെ ചിത്രങ്ങളില്‍ മാറ്റം വരുത്തി പ്രചരിപ്പിക്കുമ്ബോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാകുന്നത്. എന്നെ ഞാനായി ചിത്രീകരിക്കാതെ ശരീര ഭാരമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നോള്‍ ഞാന്‍ പലപ്പോഴും അസ്വസ്ത ആകാറുണ്ട്. 13 വയസ്സുമുതല്‍ ഈ കൃത്രിമ പ്രചാരണം ഞാന്‍ അനുഭവിക്കുകയാണ്,നേരിടുകയാണ്’- ഇലിയാന വെളിപ്പെടുത്തുന്നു. ‘കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു ഘട്ടമാണ്. അക്കാലത്തുതന്നെയാണ് ശരീരത്തിന്റെ പേരില്‍ ഞാന്‍ അപമാനിക്കപ്പെട്ടതും.

ഒരാള്‍ നമ്മളെ വിമര്‍ശിക്കുമ്ബോള്‍ അവരുടെ കാഴ്ചപ്പാടിലായിരിക്കും പിന്നീട് നാം നമ്മുടെ ശരീരത്തെ നോക്കിക്കാണുന്നത്. അതാണ് ഏറ്റവും പ്രയാസകരം. തീരെ മെലിഞ്ഞ വ്യക്തിയെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നാല്‍ പിന്നീട് നാം നമ്മളെത്തന്നെ മെലിഞ്ഞ വ്യക്തി ആയിട്ടായിരിക്കും കാണുന്നത്. നിങ്ങളുടെ ശരീരം സാധാരണ പോലെയല്ലല്ലോ എന്ന പ്രതികരണവും ഞാന്‍ കേട്ടിട്ടുണ്ട്. ഒടുവില്‍ സ്വന്തം ശരീരത്തില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തിത്തുടങ്ങി. അതോടെ എനിക്ക് ആശ്വാസവും ലഭിച്ചു’

അപൂര്‍ണതകളാണ് ജീവിതത്തിന്റെയും ശരീരത്തിന്റെയും പ്രത്യേകത. അപൂര്‍ണതകളെ ഉള്‍ക്കൊണ്ട് സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ പഠിക്കണം. അപൂര്‍ണതകളിലാണ് സൗന്ദര്യമുള്ളത്. ഓരോ വ്യക്തിയുടെയും അപൂര്‍ണതകളാണ് ആ വ്യക്തികളെ പ്രത്യേകതയുള്ളവരാക്കുന്നതെന്നും അവര്‍ പറഞ്ഞു.