മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആശുപത്രിയിലെത്തി ഗായിക ലതാമങ്കേഷ്‌കറെ സന്ദര്‍ശിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 11 മുതല്‍ സൗത്ത് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഗായിക.ഉദ്ദവ് താക്കറെ ഗായികയുടെ ആരോഗ്യത്തെക്കുറിച്ച്‌ അന്വേഷിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലതാമങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സിനിമാസംവിധായകന്‍ മധുര്‍ പണ്ഡാര്‍ക്കറാണ് ഒടുവിലായി ലതാ മങ്കേഷ്‌കറെ സന്ദര്‍ശിച്ചത്.

ഇന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നത്. നിയമസഭയില്‍ ഉച്ചക്കഴിഞ്ഞ് 2 മണിക്ക് നടപടികള്‍ ആരംഭിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എന്‍സിപി എംഎല്‍എ ദിലീപ് വല്‍സെ പാട്ടീലിനെ പ്രൊടെം സ്പീക്കറായി തിരഞ്ഞെടുത്തു.

അടുത്ത ചൊവ്വാഴ്ചയ്ക്കു മുന്‍പു ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ശിവസേനഎന്‍സിപികോണ്‍ഗ്രസ് കക്ഷികള്‍ക്ക് 154 എംഎല്‍എമാരാണുള്ളത്. കൂടാതെ, പ്രഹാര്‍ ജനശക്തി പാര്‍ട്ടി, എസ്പി, സ്വാഭിമാന്‍ പക്ഷ, സ്വതന്ത്രര്‍ എന്നിവരുടെയും പിന്തുണയുണ്ടെന്നു ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.

നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കിയതാണ്. സഭയെ നയിക്കാന്‍ പ്രാപ്തിയുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് പൃഥിരാജ് ചവാനെ നിര്‍ത്തിയേക്കും. പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുക്കും.

ആദ്യയോഗത്തില്‍ തന്നെ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കാര്‍ ഷെഡിനായി ആരംഭിച്ച ആരെ കോളനിയിലെ മരം മുറിക്കല്‍ ഉദ്ധവ് താക്കറെ നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെയും 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.