കേരള ബാങ്ക് ഇന്ന് നിലവില്‍ വരും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതി അനുമതി നല്‍കിയതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് രൂപീകരണത്തിനായി സര്‍ക്കാരിന് വിജ്ഞാപനം പുറത്തിറക്കാമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കു് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച 21 ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ മുഷ്താഖ് ഉത്തരവിട്ടത്.

സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതോടെ അഡ്മിനിസ്ട്രേറ്റര്‍ ഭരണവും ഇല്ലാതാവും. മിനി ആന്റണി ഐഎഎസ് അധ്യക്ഷനായിക്കൊണ്ടുള്ള ഇടക്കാല സമിതിയും ഇന്ന് അധികാരമേല്‍ക്കും. ധനറിസോഴ്സ് സെക്രട്ടറി, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവരായിരിക്കും സമിതി അംഗങ്ങളാവുക. ഒരു വര്‍ഷമാണ് ഇടക്കാല സമിതിയുടെ കാലാവധി.

കേരള ബാങ്ക് നേരത്തെ കേരളപ്പിറവി ദിനത്തില്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. റിസര്‍വ് ബാങ്കില്‍ നിന്ന് കേരള ബാങ്കിന് അനുമതി ലഭിച്ചിരുന്നുവെങ്കിലും പ്രതിബന്ധങ്ങള്‍ നിലനിന്നിരുന്നു. വിവിധ കേസുകളില്‍ കോടതി ഉത്തരവ് വരുന്ന മുറക്ക് മാത്രേ ബാങ്കിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് സംബന്ധിച്ച്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബാങ്കുകളുടെ ലയനവും സഹകരണ നിയമത്തിലെ വകുപ്പ് 14 എയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് കേരളത്തിന് സ്വന്തം ബാങ്കെന്ന ആശയത്തിന് ജീവന്‍ വെക്കുന്നത്. മാര്‍ച്ച്‌ 31നുള്ളില്‍ സഹകരണ ബാങ്കുകളുടെ ലയനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണെമന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.