പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ബിജെപി ഗുരുതര ആരോപണവുമായി രംഗത്ത്. ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച്‌ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്‌ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ എന്തും നടക്കും. ഭരിക്കുന്ന പാര്‍ട്ടി വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണം തള്ളികളയാന്‍ സാധിക്കുന്നതല്ലെന്നും സിന്‍ഹ പറയുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിരീക്ഷണം ഉണ്ടായിട്ടും. അതിനപ്പുറം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ പലതും ചെയ്യാന്‍ ഭരണകക്ഷിക്ക് സാധിക്കുന്നുണ്ടെന്നാണ് രാഹുല്‍ സിന്‍ഹയുടെ ആരോപണം.

ബിജെപി വിജയം ഉറപ്പിച്ച മൂന്ന് മണ്ഡലങ്ങളിലെ തോല്‍വിയെ ചൊല്ലിയാണ് രാഹുല്‍ സിന്‍ഹയുടെ ആരോപണം. ഉപതെരഞ്ഞെടുപ്പ് നടന്ന കാലിഖഞ്ച്, കരഖ്പൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. കരഖ്പൂര്‍ സര്‍ദാര്‍ സീറ്റില്‍ ആദ്യമായാണ് ടിഎംസി ജയിക്കുന്നതും. ഇത് സംശയാസ്പദമാണെന്നാണ് ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.