യൂണിവേഴ്‌സിറ്റി കോളേജിനുമുന്നില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും റോഡ് ഉപരോധവും. സംഭവങ്ങള്‍ക്കിടെ കല്ലേറിലും മര്‍ദനത്തിലും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, പി.ടി. അമല്‍, പി.ആര്‍. രാജേഷ്, നബീല്‍ കല്ലമ്ബലം, ബാഹുല്‍ കൃഷ്ണ, കൃഷ്ണകാന്ത് എന്നീ ആറുപേര്‍ക്ക് പരിക്കേറ്റു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും പോലീസ് അക്രമികളെ പിടികൂടാന്‍ തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്-കെ.എസ്.യു. നേതാക്കള്‍ റോഡ് ഉപരോധിച്ചു. ഇതോടെ, മറുഭാഗത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു.

യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷയെഴുതാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകനായ പി.ടി. അമലിനെ കോളേജിനുള്ളില്‍ എസ്.എഫ്.ഐ.ക്കാര്‍ മര്‍ദിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് കെ.എസ്.യു. നേതാക്കള്‍ പറയുന്നു. അമല്‍ തൊട്ടടുത്ത എം.എല്‍.എ. ഹോസ്റ്റലിലുണ്ടായിരുന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ വിവരമറിയിച്ചു.

കോളേജ് പ്രിന്‍സിപ്പലിന് പരാതിനല്‍കാനാണ് അഭിജിത്തിന്റെ നേതൃത്വത്തില്‍ കെ.എസ്.യു. നേതാക്കള്‍ കോളേജിലെത്തിയത്. കോളേജ് ഗേറ്റിനുമുന്നില്‍െവച്ചുതന്നെ ഇവര്‍ക്കെതിരേ കല്ലേറുണ്ടായി. ഇവര്‍ തിരിച്ചും കല്ലെറിഞ്ഞെങ്കിലും കോളേജിനകത്തുനിന്നുള്ള കല്ലേറ് രൂക്ഷമായതോടെ ഇവര്‍ ദൂരേക്കുമാറി.

കുറച്ച്‌ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കമ്ബുകളുമായെത്തി ഇവരെ ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അക്രമികളെ പിടികൂടാതെ ആശുപത്രിയിലേക്കു പോകില്ലെന്ന നിലപാടിലായിരുന്നു അവര്‍. സംഭവമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഉപരോധം തുടങ്ങി.

ഇതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മറുഭാഗത്തും റോഡ് ഉപരോധം തുടങ്ങി. ഇരുകൂട്ടര്‍ക്കുമിടയില്‍ വാഹനങ്ങള്‍ നിര്‍ത്തി പോലീസ് മറതീര്‍ത്തു. ഒരുമണിക്കൂറോളം പിന്നിട്ടപ്പോള്‍ ആറരയോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റുചെയ്തുനീക്കി. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘവും പ്രതിഷേധം മതിയാക്കി. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഒടുവില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.