ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രക്തരുഷിതമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനത്തില്‍ തഹ്‌രീര്‍ ചത്വരത്തില്‍ പ്രക്ഷോഭകര്‍ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞദിവസം പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിെവപ്പില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ചയും ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പിന്നാലെ ശിയ പുരോഹിതന്‍ ആയത്തുല്ല അലി അല്‍ സിസ്താനി പ്രധാനമന്ത്രിക്കു നല്‍കിയ പിന്തുണ പിന്‍വലിക്കാനും ഭരണമാറ്റത്തിനു ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മഹ്ദി പാര്‍ലമെന്റിന് രാജിക്കത്ത് കൈമാറിയത്. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. മഹ്ദിയുടെ രാജിയെത്തുടര്‍ന്ന് ഉടന്‍ ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇസ്‌ലാമിക് ദഅ്‌വ പാര്‍ട്ടി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം നജഫിലെ സൈനിക വെടിവെപ്പില്‍ 11 പേരും കൊല്ലപ്പെട്ടിരുന്നു. ഇവിടെ ഇറാന്‍ കോണ്‍സുലേറ്റ് പ്രതിഷേധക്കാര്‍ ചുട്ടെരിച്ചതിനെ തുടര്‍ന്നായിരുന്നു വെടിവെപ്പ്. തീവെപ്പിനുമുമ്പുതന്നെ കോണ്‍സുലേറ്റിലെ ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ ഇറാഖില്‍ അഴിമതി തടയാനും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കുമായി ഒക്‌ടോബര്‍ മുതല്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ 400 ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ജനങ്ങളുടെ തീരുമാനം.