അഹമ്മദാബാദ്: റോക്കറ്റ് പോലെ വില കുതിച്ച്‌ ഉയരുന്നതിനിടെ, ഗുജറാത്തില്‍ 250 കിലോഗ്രാമിന്റെ സവാള മോഷണം. വിവാഹ സീസണില്‍ സവാള വില കുടുംബ ബജറ്റുകളെ തകര്‍ത്ത് കിലോയ്ക്ക് നൂറ് രൂപ കടന്നും മുന്നേറുന്നതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. സവാളയുടെ വിപണിമൂല്യം മനസ്സിലാക്കിയാണ് മോഷണം നടന്നിരിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഗുജറാത്ത് സൂറത്തിലെ പലന്‍പൂര്‍ പാട്ടീയയിലാണ് വിവിധ കടകളിലായി 250 കിലോ സവാള മോഷണം പോയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കടയുടമകള്‍ പറയുന്നു. ഉയര്‍ന്ന വില നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരും ശ്രദ്ധിക്കാതിരിക്കാന്‍ വെയ്്സ്റ്റ് പേപ്പറുകള്‍ കൊണ്ട് മൂടിയാണ് സവാള ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. സവാള എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് വ്യക്തമായി അറിയുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും കടയുടമകള്‍ ആരോപിക്കുന്നു.

കിലോയ്ക്ക് 60 മുതല്‍ 70 രൂപ വരെ നല്‍കിയാണ് സവാള സംഭരിക്കുന്നതെന്ന് കടയുടമകള്‍ പറയുന്നു. ഓരോ ചാക്കിലും മൂന്ന് കിലോ വരെ സവാളയ്ക്ക് കേടു സംഭവിക്കാറുണ്ട്. തൊഴിലാളികള്‍ക്കുളള കൂലിയും കൂടി കൂട്ടിയാല്‍ വലിയ ചെലവാണ് വരുന്നത്. അതിനാല്‍ 25 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടിയാണ് സവാള വില്‍ക്കുന്നതെന്നും കടയുടമകള്‍ പറയുന്നു.