കൊച്ചി: നടന്മാര്‍ ലഹരി മരുന്നുപയോഗിച്ചോ മദ്യപിച്ചോ സിനിമാ ചിത്രീകരണത്തിനായി ഷൂട്ടിംഗ് സെറ്റുകളില്‍ എത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള പെരുമാറ്റ ചട്ടം താരസംഘടനയായ അമ്മയുടെ അടുത്ത ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബൈലോ ഭേദഗതിയുടെ ഭാഗമായി കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതിനാല്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.നിലവിലെ സാഹചര്യത്തില്‍ ഇത് വീണ്ടും കൊണ്ടുവരുമെന്നും ഇടവേള ബാബു പറഞ്ഞു.

ഷെയിന്‍ നിഗമിനെതിരെ മലയാള സിനിമാ നിര്‍മാതാക്കള്‍ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സംഘടന എന്ന നിലയില്‍ അമ്മ ഇടപെടണമമെങ്കില്‍ അത് ചെയ്യും. സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയെന്നത് ആവശ്യമാണ്. നേരത്തെയും ഷെയിന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെട്ട് കരാര്‍ ഉണ്ടാക്കികൊടുത്തതാണ്. എന്നാല്‍ അതിനു ശേഷം ഇതുവരെ ഷെയിന്‍ നിഗം തന്റെയടുത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.ഇടപെടണമെന്ന് ഷെയിന്‍ ആവശ്യപ്പെട്ടാല്‍ സംഘടന ഇടപെടും.ഒരാളുടെ തൊഴില്‍ ഇല്ലാതാക്കന്‍ ഒരിക്കലും ശ്രമിക്കില്ല.വിഷയത്തിന്റെ ന്യായമായ എല്ലാ വശങ്ങളും അറിയേണ്ടതുണ്ട്.ഷെയിന്റെ ഭാഗത്തും തെറ്റുകള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.