ന്യൂഡല്‍ഹി: ഗാന്ധിഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രജ്ഞാസിംഗ് ഠാക്കൂര്‍. ലോക്സഭയിലാണ് പ്രജ്ഞ മാപ്പു പറഞ്ഞത്. ഗോഡ്സെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രജ്ഞ പറഞ്ഞു.
അതേസമയം പ്രജ്ഞയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു പറഞ്ഞ പ്രജ്ഞ, തനിക്കെതിരായ തീവ്രവാദി പരാമര്‍ശത്തിലും പ്രതികരിച്ചു. തന്നെ ഒരു സഭാംഗം ഭീകരവാദി എന്നു വിളിച്ചിരുന്നു. ഒരു കോടതിയിലും തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ വനിതയെന്ന നിലയിലും ഒരു സന്യാസിയെന്ന നിലയിലും തന്നെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും പ്രജ്ഞ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചാണ് പ്രജ്ഞയുടെ പരാമര്‍ശം.
ബുധനാഴ്ച ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന നിലപാട് പ്രജ്ഞ ആവര്‍ത്തിച്ചത്. സംഭവത്തില്‍ പ്രജ്ഞാസിംഗിനെതിരേ ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.