ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങല്‍ കൈമാറേണ്ടതില്ലെന്ന് കോടതി വിധിച്ചു. നടിയുടെ സ്വകാര്യതമ മാനിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാമാമെന്നും പരിശോധിക്കാമെന്നും, എന്നാല്‍ വീഡിയോയുടെ പകര്‍പ്പ് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കാറില്‍ വച്ച്‌ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. വാട്ടര്‍ മാര്‍ക്ക് അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നും എന്നാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ദൃശ്യങ്ങള്‍ നല്‍കുന്നത് പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.