പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

തേന്‍ ക്യൂബുകളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ മന്ത്രി മറുപടി നല്‍കി. ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്കുപകരം തേന്‍ ക്യൂബ്യുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തേനല്ല, പണമാണ് വേണ്ടതെന്ന് ഈ സമയത്ത് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്ക് തേന്‍ വഴി പണം ലഭിക്കുമെന്ന് മന്ത്രി മറുപടി നല്‍കി. തേന്‍ ഉത്പാദനം വര്‍ധിക്കുന്നത് ആദിവാസികള്‍ക്കും മറ്റ് കര്‍ഷകര്‍ക്കും ഗുണംചെയ്യും.

ചെറുകിട, കുടില്‍ വ്യവസായികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ‘ഭാരത് ക്രാഫ്റ്റ്’ എന്ന പേരില്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു.