കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ്‌കടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ല ജഡ്ജി എ ഹാരിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ക്കും ചികിത്സ നല്‍ക്കുന്നതില്‍ ഡോക്ടര്‍ക്കും പറ്റിയ അനാസ്ഥയാണ് കുട്ടി മരണത്തിലേക്ക് എത്തിയതെന്ന് എ ഹാരിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പാമ്പ്‌കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അധ്യാപകര്‍ അച്ഛനെ വിവരമറിയിച്ച്‌ കാത്തിരിക്കുകയാണ് ചെയ്തത്. പാമ്പ്‌കടിയേറ്റ് അരമണിക്കൂറോളം കുട്ടി സ്‌കൂളില്‍ അവശയായി കിടന്നു. തുടര്‍ന്ന് പിതാവ് എത്തി കുട്ടിയെ തോളിലിട്ട് വിതുമ്പ കൊണ്ട് പോകുന്ന അച്ഛന്റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഈ ദൃശ്യം കണ്ടതെന്ന് ഹാരിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകരുടേയും ഡോക്ടറുടേയും അനാസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളിലേക്ക് ഹൈക്കോടതി കടക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.