പ്രതിരോധത്തിന് വേണ്ടിയാണെങ്കില്‍ പോലും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും അധാര്‍മ്മികമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനത്തില്‍ മാറ്റം വരുത്തുവാന്‍ മാര്‍പാപ്പ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആണവായുധത്തിന്റെ തെറ്റായ ഉപയോഗത്തെ എതിര്‍ത്തിരുന്നുവെങ്കിലും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആണാവായുധങ്ങള്‍ കൈവശം വെക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദശാബ്ദങ്ങളായി ഇക്കാര്യത്തില്‍ സഭ പുലര്‍ത്തിയിരുന്ന നിലപാട്. ആണവ പ്രതിരോധ സംവിധാനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന വിധത്തിലുള്ള മാറ്റമായിരിക്കും പുതിയ പരിഷ്ക്കാരത്തിലൂടെ ഉദ്ദേശിക്കുകയെന്ന് ഏഷ്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്ന വഴിയില്‍ വിമാനത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പാപ്പ സൂചിപ്പിച്ചു.

ആണവായുധങ്ങളുടെ ഉപയോഗം അധാര്‍മ്മികമാണ്. അതുകൊണ്ടാണ് ഇത് കത്തോലിക്കാ സഭയുടെ പ്രബോധനത്തില്‍ ചേര്‍ക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നത്. ആണവായുധങ്ങളുടെ ഉപയോഗം മാത്രമല്ല കൈവശം വെക്കുന്നതും അധാര്‍മ്മികമാണെന്ന് പാപ്പ പറഞ്ഞു. ഹിരോഷിമയില്‍ വെച്ചും ഇതുസംബന്ധിച്ച പരമാര്‍ശം പാപ്പ നടത്തിയിരുന്നു. നിയമാനുസൃതമായ പ്രതിരോധം എന്ന ആശയം നിലനില്‍ക്കുന്നതാണെന്നും, ധാര്‍മ്മിക ദൈവശാസ്ത്രം പോലും ഇത് അനുവദിക്കുന്നുണ്ടെന്നും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിരോധം അവസാനത്തെ കടമ്പ മാത്രമാണെന്നും പാപ്പ വിവരിച്ചു.

ഊര്‍ജ്ജോല്‍പ്പാദനം പോലെയുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്കും ആണവശക്തി ഉപയോഗിക്കാമെന്ന കാര്യത്തിലും പാപ്പ സംശയം പ്രകടിപ്പിച്ചു. ഇതിനു പറ്റിയ സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നു പാപ്പ ചൂണ്ടിക്കാട്ടി. ആണവായുധങ്ങള്‍ക്ക് പുറമേ ‘വധശിക്ഷ’ യോടുള്ള എതിര്‍പ്പും പാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ കിരണങ്ങളില്ലാത്ത വിധി മാനുഷികമല്ലെന്ന്‍ ചൂണ്ടിക്കാട്ടിയ പാപ്പ വധശിക്ഷ അധാര്‍മ്മികമാണെന്നു പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് മാര്‍പാപ്പ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍ മാറ്റം വരുത്തിയിരിന്നു.