മെക്‌സിക്കോ സിറ്റി: ലോകപ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റ് ക്ലൈംബിങ്ങിനിടെ വീണുമരിച്ചു. വടക്കന്‍ മെക്‌സിക്കോയിലെ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് ബ്രാഡ് വീണ് മരിച്ചത്.

അമേരിക്കന്‍ പൗരനായ ഗോബ്രൈറ്റിന് 31 വയസായിരുന്നു പ്രായം. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു. വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ ഇവര്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നത്.

900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സണ്‍ പാറയുടെ തള്ളിനില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്‍ക്കാന്‍ സാധിച്ചതിനാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. എന്നാല്‍ ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് ഇദ്ദേഹം മരിച്ചത്. ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്‌ സുരക്ഷക്ക് വേണ്ടിയുള്ള റോപുകള്‍ ഉപയോഗിക്കാതെ ഒറ്റയ്ക്ക് അപകടകരമായ പാറക്കെട്ടുകള്‍ കയറുന്നതാണ് ഗോബ്രൈബറ്റിനെ ശ്രദ്ധേയനാക്കിയത്.