മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് ട്രക്കില്‍ കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടിയില്‍ നിന്നാണ് മോഷണം നടന്നത്. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണമായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലും നിന്നും ഇത്തരത്തില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.