പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ പിടിവിട്ട് താഴെ വീണ ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റിന് ദാരുണാന്ത്യം. വടക്കന്‍ മെക്സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമേരിക്കന്‍ പൗരനാണ് ഗോബ്രൈറ്റ്. 31 വയസായിരുന്നു.

ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്സണ്‍ എന്നയാളുമുണ്ടായിരുന്നു. വ്യാഴാഴ്ച മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ ഇവര്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നു. 900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ശേഷം തിരിച്ചിറങ്ങുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു.

ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്സണ്‍ പാറയുടെ തള്ളിനില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നിന്നു. ഇതിനാല്‍ ഇദ്ദേഹം മരണത്തില്‍ നിന്ന് കരകയറുകയായിരുന്നു. കാലിനും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയിലാണ്. എന്നാല്‍ ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു.