ശരിയായ നേത്രസംരക്ഷണത്തിലൂടെയും കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്ന രീതിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും നമുക്ക് സിവിഎസ് ഒഴിവാക്കാം.
1. നേത്രസംരക്ഷണം
ചിലപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ക്കായി കണ്ണട ഉപയോഗിക്കേണ്ടാത്ത വ്യക്തികള്‍ക്കും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍മാത്രം കണ്ണട വേണ്ടിവരാം. സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അതുകൊണ്ട് കംപ്യൂട്ടര്‍സ്ക്രീന്‍ വ്യക്തമാകണമെന്നില്ല. കംപ്യൂട്ടര്‍ ഉപയോഗത്തിനായി പ്രത്യേകം ആന്റിഗ്ളേയര്‍ കോട്ടിങ് (Anti glare coating) ഉള്ള കണ്ണടകളുണ്ട്. ഇത് മോണിറ്ററില്‍നിന്നുള്ള പ്രതിചലനം കുറയ്ക്കാന്‍ സഹായിക്കുന്നു. ടിന്റുള്ള ഗ്ളാസുകള്‍ കണ്ണിലേക്കെത്തുന്ന പ്രകാശരശ്മികള്‍ കുറയ്ക്കാന്‍ സഹായിക്കും. വെള്ളെഴുത്തിനുള്ള കണ്ണട കംപ്യൂട്ടര്‍ ഉപയോഗത്തിനു യോജ്യമല്ല. ഫോക്കസിങ്ങിന്റെ പ്രശ്നമുള്ളവര്‍ക്ക് ലഘുവായ ചില എക്സര്‍സൈസുകള്‍വഴി കാഴ്ച ആയാസരഹിതമാക്കാം.
20–20–20 റൂള്‍ :
തുടര്‍ച്ചയായി സ്ക്രീനിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ഫോക്കസ് ഒരു പോയിന്റിലേക്ക് ലോക്ക് ഇന്‍ ആകാം. ഇതു മാറ്റുന്നതിന് 20 മിനിറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയശേഷം 20 സെക്കന്‍ഡ് 20 അടി ദൂരെയുള്ള ഏതെങ്കിലും ഒരു പോയിന്റിലേക്ക് നോക്കുക. ഇത് കണ്ണുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.
കണ്ണുചിമ്മുക:
നിരന്തരമായ കംപ്യൂട്ടര്‍ ഉപയോഗംമൂലം നമ്മുടെ കണ്ണുചിമ്മുന്നത് കുറയാം. സാധാരണയായി ഒരു വ്യക്തി 15–20 തവണ ഓരോ മിനിറ്റിലും കണ്ണ് ചിമ്മുമ്പോള്‍ കംപ്യൂട്ടറില്‍ ഫോക്കസ്ചെയ്യുന്ന ഒരാള്‍ അഞ്ചില്‍ത്താഴെ മാത്രമേ ചെയ്യൂ. ഇത് കണ്ണിന്റെ നനവ് കുറഞ്ഞ് വരണ്ടതാക്കും. അതുകൊണ്ട് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി ഇടയ്ക്കിടയ്ക്ക് ഓര്‍ത്ത് കണ്ണുചിമ്മണം. ഇത് കണ്ണുനീരിന്റെ നനവ് ലഭിച്ച് കണ്ണിന് പോഷണം ലഭിക്കാന്‍ സഹായിക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി
ശരിയായ ഇരിപ്പ്  വളരെ പ്രധാനമാണ്.
1. സ്ക്രീനിന്റെ നടുവിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ലെവലില്‍നിന്നും 15 മുതല്‍ 20 ഡിഗ്രി താഴോട്ട് ആകണം.
2. സ്ക്രീനില്‍നിന്നുള്ള ദൂരം 20–28
ഇഞ്ച് ആകണം.
3. ആന്റിഗ്ളേര്‍ ഫില്‍ട്ടറുള്ള മോണിറ്ററുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നുള്ള ഗ്ളേര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. സ്ക്രീനിന്റെ ബ്രൈറ്റ്നസ് ചുറ്റുപാടുമുള്ള വെളിച്ചത്തേക്കാള്‍ കൂടുതലോ കുറവോ ആകരുത്.
5. ഇരിക്കുന്ന രീതി – കംപ്യൂട്ടര്‍ വര്‍ക്ക്സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ കാല്‍ തറയിലൂന്നി നിവര്‍ന്ന് ആയാസരഹിതമായി ഇരിക്കുക. ടൈപ്പ് ചെയ്യുമ്പോള്‍ കൈത്തണ്ട കീബോര്‍ഡില്‍ അമര്‍ന്നുപോകാതെ വേണം ചെയ്യാന്‍.
സാധ്യമെങ്കില്‍ ഒരു  ഡോക്യൂമെന്റ് ഹോള്‍ഡര്‍ മോണിറ്ററിനു സമീപം ഉപയോഗിക്കുക. ഇങ്ങനെ കൃത്യമായി നേത്രപരിശോധന നടത്തുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ രീതി അവലംബിക്കുകയുംചെയ്താല്‍ നമുക്ക് ഡിജിറ്റല്‍ ഐ സ്ട്രെയിനിന്റെ ക്ളേശങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.