ജോലിയുടെയും പഠനത്തിന്‍െറയും വിനോദത്തിന്‍െറയും ഭാഗമായി മണിക്കൂറുകളാണ് നാമോരോരുത്തരും കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥതകളെ ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നാണ് പറയുന്നത്. കണ്ണുവേദന, തലവേദന, കാഴ്ച മങ്ങല്‍, കണ്ണെരിച്ചില്‍, കടച്ചില്‍, തടച്ചില്‍ എന്നിങ്ങനെയുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോത്തിന്‍െറ ലക്ഷണങ്ങളാണ്. കണ്ണിന്‍െറ പേശികള്‍ക്കുണ്ടാവുന്ന ക്ഷീണവും കണ്ണിന്‍െറ നനവ് കുറയുന്നതുമാണ് ഇതിന്‍െറ മുഖ്യകാരണങ്ങള്‍. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം നമുക്ക് പ്രതിരോധിക്കാനാവും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നവര്‍ നേത്രരോഗവിദഗ്ധന്‍െറ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ കണ്ണട ധരിക്കേണ്ടതാണ്.കംപ്യൂട്ടര്‍ ആധുനികജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിച്ചാല്‍ മിക്കവാറും എല്ലാവര്‍ക്കും കണ്ണിനും കാഴ്ചയ്ക്കും പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഇതിനെയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അഥവാ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നുപറയുന്നത്.
മനുഷ്യനേത്രങ്ങള്‍ പ്രധാനമായും ദൂരക്കാഴ്ചയ്ക്കായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, നൂതന സാങ്കേതികവിദ്യകള്‍ വന്നതോടെ പേപ്പറില്‍നിന്നും കംപ്യൂട്ടറിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായി. ഇത് കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാം.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍

സാധാരണയായി ഉണ്ടാകുന്ന ലക്ഷണങ്ങള്‍
(1) കണ്ണുകഴയ്ക്കുക
(2) തലവേദന
(3) കാഴ്ചമങ്ങല്‍
(4) കണ്ണുചുവപ്പ്
(5) കണ്ണ് വരണ്ടതായി അനുഭവപ്പെടുക
(6) കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ട്
ഇതിനുപുറമേ തോളും കഴുത്തും വേദനയും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാകാം.

എന്തെല്ലാം ഘടകങ്ങള്‍ സിവിഎസിനു കാരണമാകാം
1. നേരത്തെയുള്ള കാഴ്ചക്കുറവ്
2. കൃത്യമല്ലാത്ത ഗ്ളാസ്പവര്‍
3. കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മുറിയിലെ
പ്രകാശം
4. സ്ക്രീനില്‍നിന്നുള്ള ദൂരം
5. സ്ക്രീനില്‍നിന്ന് പ്രതിഫലിക്കുന്ന ഗ്ളേര്‍
6. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി (Viewing Posture)

ഒരു വ്യക്തിക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ അയാളുടെ കാഴ്ചയുടെ പരിമിതിയെയും എത്രസമയം തുടര്‍ച്ചയായി സ്ക്രീന്‍ ഉപയോഗിക്കുന്നു എന്നതിനെയും അനുസരിച്ചായിരിക്കും. നേരത്തെ കാഴ്ചവൈകല്യമുള്ള വ്യക്തി, അതായത് ഷോര്‍ട്ട്സൈറ്റ്, ലോങ്സൈറ്റ് അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം 40 വയസ്സിനുമേല്‍ ഉണ്ടാകുന്ന വെള്ളെഴുത്ത് ഇവയെല്ലാം കംപ്യൂട്ടര്‍ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കാം. കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കുന്നതും അച്ചടിച്ച പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കുന്നതും വ്യത്യസ്തമാണ്. സ്ക്രീനിലെ അക്ഷരങ്ങള്‍ അഥവാ പിക്സലുകള്‍ കൃത്യതയോ സൂക്ഷ്മതയോ ഇല്ലാത്തതാണ്. ഇതിന് കോണ്‍ട്രാസ്റ്റ് കുറവാണ്. കൂടാതെ സ്ക്രീനില്‍നിന്നുള്ള ഗ്ളേറും കാഴ്ച ആയാസകരമാക്കും.

സാധാരണ പേപ്പര്‍ വായിക്കുന്ന ദൂരം 18–20 സെ.മീ. ആണ്. എന്നാല്‍, കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്ന ദൂരം 20–28 ഇഞ്ചാണ്. അതിനാല്‍ സ്ഥിരമായി കണ്ണട അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കുപോലും കംപ്യൂട്ടര്‍സ്ക്രീന്‍ ബുദ്ധിമുട്ടുണ്ടാക്കാം. ചിലര്‍ക്ക് വ്യക്തമായി കാണാന്‍ സ്ക്രീനിലേക്ക് കുനിഞ്ഞുനോക്കേണ്ടിവരാം. അല്ലെങ്കില്‍ തല ചരിച്ച് നോക്കേണ്ടിവരാം. ഇത് കഴുത്തിലേയും തോളിന്റെയും പേശികള്‍ക്ക് ക്ഷീണമുണ്ടാക്കും. മിക്കവാറും കാഴ്ചയുടെ പരിമിതിക്കും ഉപരിയായി കണ്ണ് പ്രവര്‍ത്തിക്കേണ്ടിവരുമ്പോഴാണ്  സിവിഎസ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ടിലധികം മണിക്കൂര്‍ കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗം ഇതിനു കാരണമാകാം.