ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദാദറിലെ ശിവാജി പാർക്കിൽ നടന്ന വ്യാഴാഴ്ച വൈകുന്നേരം 6.30ന് നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉദ്ധവിനൊപ്പം മൂന്നു പാർട്ടികളിൽ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാത്രി എട്ടിന് മന്ത്രിസഭാ യോഗം ചേരും.
ദാദറിലെ ശിവാജി പാർക്കിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഉദ്ധവ് സംസ്ഥാനത്തിന്റെ 18മത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. എൻസിപി നേതാവ് അജിത് പവാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിരവധി പ്രമുഖ രാഷ്ട്രീയനേതാക്കളും ചടങ്ങിനു സാക്ഷിയായി.
താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിൽ എത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ. 20 വർഷത്തിനുശേഷമാണ് ശിവസേനയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ശിവസേനയിൽനിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ. മനോഹർ ജോഷി, നാരായൺ റാണെ എന്നിവരാണു മുമ്പ് മുഖ്യമന്ത്രിയായവർ.
ഉദ്ധവ് താക്കറെയ്ക്ക് പുറമേ ശിവസേനയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീൽ, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ള മന്ത്രിമാരെ പിന്നീട് തീരുമാനിക്കും.
മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും 4 സഹമന്ത്രിസ്ഥാനവുമാണ് ശിവസേനയ്ക്ക് ലഭിക്കുക. ഉപമുഖ്യമന്ത്രിയും 11 കാബിനറ്റ് മന്ത്രിസ്ഥാനവും മൂന്നു സഹമന്ത്രിസ്ഥാനവു എൻസിപിക്ക് ലഭിക്കും. കോൺഗ്രസിന് 10 കാബിനറ്റ് പദവിയും സ്പീക്കർ പദവിയും നൽകാനാണ് ധാരണയായിരിക്കുന്നത്.
സഭയിലെ 285 അംഗങ്ങൾ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടെം സ്പീക്കർ കാളിദാസ് കൊളാംബ്കർ ആണ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. ബിജെപിയിലെ സുധീർ മുൻഗന്തിവാർ, സ്വാഭിമാനി പക്ഷയിലെ ദേവേന്ദ്ര ഭുയാർ എന്നിവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല.