ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം പൂര്‍ത്തിയായി. ആര്‍ ബാനുമതി, എ.എസ് ബോപ്പണ്ണ, റിഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയാന്‍ മാറ്റി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഇതേ കേസില്‍ ഇതെ ബെഞ്ച് ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നു. നവംബര്‍ 20ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. ചിദംബരത്തിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍സിബല്‍, അഭിഷേക് മനുസിങ്‌വി എന്നിവരുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയിയിരുന്നു. ഇന്നലെ തുഷാര്‍മേത്തയുടെ വാദത്തിന് പിന്നാലെ മറുപടി ഇരുവരും എഴുതി നല്‍കി. അതിനു പിന്നാലെ മൂന്ന് സെറ്റ് മുദ്രവച്ച കവറില്‍ കോടതിയ്ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ തുഷാര്‍ മേത്ത കോടതിയുടെ അനുമതി തേടി. ഇത് രജിസ്ട്രിയില്‍ നല്‍കാന്‍ അനുമതി നല്‍കിയ കോടതി കേസിന്റെ ഭാഗമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ആഗസ്തില്‍ അറസ്റ്റിലായ ചിദംബരം ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്.