കാര്‍ഷിക കടങ്ങള്‍ ഉടന്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ധവ് താക്കറെ സര്‍ക്കാര്‍. തൊഴില്‍ മേഖലയില്‍ യുവാക്കള്‍ക്ക് പ്രാദേശിക സംവരണം, കുറഞ്ഞ നിരക്കില്‍ ചികിത്സ തുടങ്ങിയവയുംഎന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യമായ മഹാവികാസ് അഘാഡിയുടെ പൊതുമിനിമം പരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും സബ്‌സിഡി നിരക്കില്‍ ക്ലിനിക്കുകളില്‍ ചികിത്സാ സൗകര്യവും കാന്റീനുകള്‍ വഴി ഭക്ഷണവും വിതരണം ചെയ്യുമെന്നും സഖ്യം ഉറപ്പുനല്‍കുന്നു.

എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, നവാബ് മാലിക്ക്, ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്നാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്.

മഹാവികാസ് അഘാഡിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍:

  • വെള്ളപ്പൊക്കത്തിലും കാലവര്‍ഷത്തിലും നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തരസഹായം.
  • കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
  • സ്ഥിരതാമസക്കാരായ യുവാക്കള്‍ക്ക് ജോലികളില്‍ 80 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന നിയമം.
  • സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം.
  • അംഗനവാടി ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിക്കും.
  • കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ.
  • താലൂക്കുകളില്‍ ഒരു രൂപ ക്ലിനിക്കുകള്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്.
  • പത്തുരൂപയ്ക്ക് ഭക്ഷണം നല്‍കുന്ന കാന്റീനുകള്‍.
  • സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ നികത്തും.
  • കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കും.