കൊച്ചി: ചലച്ചിത്ര താരം ഷെയ്ന് നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്. വെയില്, കുര്‍ബാനി എന്നീ സിനിമകളില്‍ ഷെയ്ന് സഹകരിക്കുന്നില്ലെന്ന നിര്‍മാതാക്കളുടെ പരാതിയിലാണ് നടപടി. വെയില്, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കുന്നതായും നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തിന്റേതാണ് തീരുമാനം. നിര്മാതാക്കള്ക്കുണ്ടായ നഷ്ടം ഷെയ്ന് നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വ്യാക്തമാക്കി. തീരുമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിച്ചതായും നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു.
ചില താരങ്ങള്‍ കാരവാനില്‍നിന്ന് ഇറങ്ങാന്‍ തായറാകുന്നില്ല. കാരവാനുള്ളില്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൂട്ടിച്ചേര്‍ത്തു. സിനിമ ലോക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന വേണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.