ശ്രീനാരായണ ഗുരുദേവ ദര്‍ശന പ്രചാരണത്തിലൂടെ അമേരിക്കയിലെ ആത്മീയ നഭസ്സില്‍ വെളിച്ചം വിതറുവാനായി ശിവഗിരി മഠം സ്ഥാപിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 30 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക്  ‘ ഗുരുസന്ധ്യ 2019 ‘ നടത്തപ്പെടുന്നു. ഡാളസ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് വേദിയൊരുക്കിയിരിക്കുന്നത് .ആശ്രമ ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ത്യാഗോജ്വലമായ സമര്‍പ്പണത്തിന് ആദരവ് രേഖപ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന ഗുരുസന്ധ്യ 2019 ഭക്തിയും വിനോദവും ഇഴചേരുന്ന അവിസ്മരണീയമായ ഒരു സായാഹ്നമായിരിക്കും.
പാഞ്ചജന്യം മ്യൂസിക്‌സിലെ പ്രഗത്ഭരായ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള ചടങ്ങിനെ സംഗീതസാന്ദ്രമാക്കും. ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അശരണരായ അഗതികള്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായ ‘ഫുഡ് െ്രെഡവും ‘ ഒപ്പമുണ്ടായിരിക്കുന്നതാണ്. അത്താഴവിരുന്നോടുകൂടി രാത്രി ഒന്‍പതു മണിക്ക് പരിപാടികള്‍ പരിസമാപിക്കും.
‘ഗുരുസന്ധ്യ 2019’  പരിപാടിയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശ്രമം ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.