ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ കൊലയാളി നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുകയും രാജ്യസ്‌നേഹിയെന്ന് വിളിക്കുകയും ചെയ്ത ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിനെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിക്ക്. പ്രഗ്യക്കെതിരെ ശാസനാ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. പ്രഗ്യ സഭയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശാസനാ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

ശാസനാ പ്രമേയം തയ്യാറാക്കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യും. പ്രഗ്യ എത്രയും പെട്ടെന്ന് മറുപടി പറയണം. ഇല്ലെങ്കില്‍ തങ്ങള്‍ ശാസനാ പ്രമേയം കൊണ്ടുവരുമെന്നും തരൂര്‍ പറഞ്ഞു. ഒരു അംഗത്തിനെതിരെ ശാസനാ പ്രമേയം അവതരിപ്പിക്കുന്നത് അംഗത്തെയും അവരുടെ പാര്‍ട്ടിയെയും സംബന്ധിച്ച്‌ കനത്ത തിരിച്ചടിയാണ്. രാഷ്ട്രപിതാവിന്റെ ഘാതകനെ പുകഴ്ത്തിയ സംഭവമായതിനാല്‍ ബിജെപിക്കും പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടിവരും. പാര്‍ലമെന്റിലെ കടുത്ത നടപടികളിലൊന്നാണ് ശാസനാ പ്രമേയം.