കാസര്‍കോട്: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുന്‍ കേരള പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്. സര്‍വ്വകലാശാലയിലെ ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അതെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു

ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തില്‍ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ജെ.എന്‍.യു ക്യാപസിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

ഇപ്പോള്‍ ജെ.എന്‍.യുവിലെ പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവക്കുന്നത്. അത്തരം സര്‍വ്വകലാശാലകള്‍ നമുക്ക് ആവശ്യമില്ലെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ നിലപാട് ചോദിച്ച വിദ്യാര്‍ത്ഥിയോടാണ് പൊട്ടിത്തെറിച്ചുകൊണ്ടുള്ള ടി പി സെന്‍കുമാറിന്റെ മറുപടി.

നേരത്തെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തിനിടയില്‍ പെണ്‍കുട്ടി മുടി കോണ്ടം കൊണ്ട് കെട്ടിവച്ച വിദ്യാര്‍ത്ഥിനിയുടെ ചിത്രം ടി പി സെന്‍കുമാര്‍ പങ്കുവച്ചിരുന്നു.