കാസര്‍കോട്: കലോത്സവനഗരിയില്‍ കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്കിടയില്‍ സമരം കടുപ്പിച്ച്‌ അധ്യാപകര്‍. വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ നോണ്‍ അപ്രൂവ്ഡ് അധ്യാപകരാണ് സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നാണ് ഇവരുടെ ആരോപണം.

‘ആത്മഹത്യാസമര’മെന്നും, ‘ഭിക്ഷാടനസമര’മെന്നുമുള്ള ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അധ്യാപകര്‍ കാഞ്ഞങ്ങാട്ടെ പ്രധാനവേദിയ്ക്ക് സമീപത്ത് എത്തിയത്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നാനൂറിലധികം വരുന്ന അധ്യാപകരാണ് സമരവുമായി എത്തിയിരിക്കുന്നത്. ശമ്പളമില്ലെന്ന് കാണിച്ച്‌ ഇവര്‍ നിരവധി തവണ വിദ്യാഭ്യാസ മന്ത്രിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഇക്കൂട്ടര്‍ കലോത്സവവേദിയിലേക്ക് സമരവുമായി എത്തിയത്.

‘നാലും അഞ്ചും വര്‍ഷമായി ഇങ്ങനെ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇങ്ങനെ പോയാല്‍ ഞങ്ങളുടെ കുടുംബങ്ങളെങ്ങനെ മുന്നോട്ട് പോകുമെന്ന് ഒരു അധ്യാപിക ചോദിച്ചു . അതേസമയം ‘വിദ്യാഭ്യാസമന്ത്രിയടക്കം വരുന്ന വേദിയില്‍ ഇങ്ങനെ ഒരു സമരം നടത്തിയാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അത്രയെങ്കിലും പൊതുജനവും അധികൃതരും ശ്രദ്ധിക്കുമല്ലോ’ എന്ന് മറ്റൊരാള്‍ പറഞ്ഞു. കഴുത്തില്‍ കയറിട്ടാണ് ചില അധ്യാപകര്‍ ഇരുന്നത്.