ഹൂസ്റ്റൺ: ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (IANAGH) ന്റെ ആഭിമുഖ്യത്തിൽ നഴ്‌സ്‌ പ്രാക്ടീഷണർ വാരം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

നവംബർ 14 ന് വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫൊഡിലുള്ള എഡ്വിൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ.ആരോഗ്യരംഗത്ത് സ്തുത്യർഹ സേവനം ചെയ്തു വരുന്ന എൻ‌പിമാരെ അംഗീകരിക്കുന്നതിനും എൻ‌പികൾ നൽകുന്ന പരിചരണത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും നഴ്‌സ്‌ പ്രാക്ടീഷണർ വാരം ആചരിക്കുന്നത്. എല്ലാ വർഷവും നവംബർ 10 മുതൽ 16 വരെ നഴ്‌സ്‌ പ്രാക്ടീഷണർ വാരം ആഘോഷിക്കുന്നു.

മോളി മാത്യുവിന്റെ പ്രാർത്ഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങൾ ആലപിച്ചും സായാഹ്നം ആരംഭിച്ചു. IANAGH പ്രസിഡന്റ് അക്കാമ്മ കല്ലേൽ സ്വാഗത പ്രസംഗം നടത്തി. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിവരണവും അക്കാമ്മ നൽകി. ഇന്ത്യൻ വംശജരായ എല്ലാ നഴ്സുമാരെയും എൻ‌പികളെയും സംഘടനയിൽ ചേരുന്നതിനു  പ്രോത്സാഹിപ്പിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ കോളേജ് ഓഫ് നഴ്സിംഗ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഷെയ്‌നി വർഗീസ് മുഖ്യാതിഥി ആയിരുന്നു. നഴ്‌സ്‌ പ്രാക്ടീഷണർ എന്ന നിലയിൽ ആരോഗ്യരംഗത്തു മഹത്തായ കാര്യങ്ങൾ ചെയ്യുന്നതിന് അവർ NP മാരെ ആഹ്വാനം ചെയ്തു.

എഡ്വിൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലീന ഡാനിയേൽ, എൽവിഎൻ പ്രോഗ്രാം ഡയറക്ടർ പമേല ബ്രിട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. NAINA, IANAGH എന്നീ സംഘടനകൾക്കു വർഷങ്ങളായി നൽകുന്ന നിസ്വാർത്ഥ സേവങ്ങളെ  മാനിച്ച് ഡോ. ഓമന സൈമണിനെ (സിറ്റി ക്ലിനിക്) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. എൻ‌പികൾക്ക് ഒരു റോൾ മോഡലായും സംഘടയുടെ ഉപദേഷ്ടാവായും അവർ സേവനം അനുഷ്ഠിക്കുന്നു.

വിദ്യാഭ്യാസ സെഷനുകളിൽ സിസിമോൾ വിൽസൺ, ഡോ. സിമി വർഗ്ഗീസ്, ഡോ. റീനു വർഗീസ്, ആലീസ് സജി എന്നിവർ അവരുടെ വൈദഗ്ധ്യത്തിന്റെ വിഷയങ്ങളിൽ മികച്ച ക്ലാസുകൾ എടുത്തു. കലാരംഗത്തു ശോഭിച്ചു കൊണ്ടിരിക്കുന്ന സംഘടനയുടെ നിരവധി അംഗങ്ങൾ കർണാനന്ദകരമായ പാട്ടുകളും നയന മനോഹര നൃത്തങ്ങളും കാഴ്ച വെച്ചു ആഘോഷ രാവിനെ മികവുറ്റതാക്കി.

സെക്രട്ടറി ശ്രീമതി വിർജീനിയ അൽഫോൻസോയുടെ നന്ദി പ്രകാശനത്തോടെയാണ്   സായാഹ്നം സമാപിച്ചത്.  ഡോ. അനുമോൾ തോമസ്, ബ്രിജിറ്റ് മാത്യു എന്നിവർ എംസിമാരായി അഘോഷത്തിനു ചുക്കാൻ പിടിച്ചു.

ഫ്ലവേഴ്സ് ടിവി, ദക്ഷിൺ റേഡിയോ, ആശ റേഡിയോ, മല്ലു കഫെ റേഡിയോ എന്നിവർ മീഡിയ പാർട്നെർസ് ആയിരുന്നു. റെയ്‌ന റോക്ക് ദക്ഷിൺ റേഡിയോയിൽ പ്രോഗ്രാം കോർഡിനേറ്റർമാരുമായി അഭിമുഖം നടത്തി. ഓൺകോ360, റിച്ച്മണ്ട് ഫിനാൻഷ്യൽ,എഡ്വിൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ  സ്പോൺസർമാരായിരുന്നു. കമ്മ്യൂണിറ്റിയിൽ കൂടുതൽ സജീവമാകാനുള്ള ശ്രമങ്ങൾ സംഘടന തുടർന്ന് കൊണ്ടിരിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.