രായ്ക്കുരാമാനം മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയാവുകയും ഗത്യന്തരമില്ലാതെ രാജിവച്ച് തിരിച്ചെത്തുകയും ചെയ്ത അജിത് പവാറിനോട് ഇളയച്ഛന്‍ ശരദ് പവാര്‍ പൊറുത്തു. പിതൃ സഹോദരപുത്രനെ നിയമസഭയില്‍ ആലിംഗനം ചെയ്ത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും പിണക്കം തീര്‍ത്തെന്നു വരുത്തി. എന്‍.സി.പിയിലും പവാര്‍ കുടുംബത്തിലും മഞ്ഞുരുകിയതോടെ അജിത് പവാര്‍, പുതിയ സര്‍ക്കാരിലും അധികാരകേന്ദ്രമാകുമെന്ന് ഉറപ്പായി.

ഇന്നു വൈകിട്ട് 6.40നു മുംബൈ, ദാദറിലെ ശിവാജി പാര്‍ക്കിലാണു ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് (മഹാവികാസ് അഘാഡി സഖ്യം) സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ ജയന്ത് പട്ടേല്‍ എന്‍.സി.പിയെ പ്രതിനിധീകരിച്ച് ഏക ഉപമുഖ്യമന്ത്രിയാകും. നിലവില്‍ എന്‍.സി.പി. നിയമസഭാകക്ഷി നേതാവാണ് ജയന്ത്. അജിത് പവാറിനു മന്ത്രിസ്ഥാനമോ നിയമസഭാകക്ഷി നേതൃസ്ഥാനമോ നല്‍കും. ആകെ 44 മന്ത്രിമാരുണ്ടാകും.

ശിവസേന 16, എന്‍.സി.പി 15, കോണ്‍ഗ്രസ് 13 എന്നിങ്ങനെയാകും മന്ത്രിമാരുടെ എണ്ണമെന്നാണു സൂചന. കോണ്‍ഗ്രസിനു സ്പീക്കര്‍ സ്ഥാനവും ലഭിക്കും. വകുപ്പുകളുടെ കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം അജിത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ന് ശരദ് പവാറിന്റെ വസതിയിലെത്തിയിരുന്നു. കൂടിക്കാഴ്ച നാലുമണിക്കൂര്‍ നീണ്ടു. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അജിത് ഉറപ്പുകൊടുത്തതായാണു സൂചന. തുടര്‍ന്ന്, ഇന്നലെ മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ പവാര്‍ കുടുംബാംഗങ്ങള്‍ യോഗം ചേര്‍ന്നു.

ശരദ് പവാറിന്റെ ഭാര്യ പ്രതിഭ അജിത്തിനോടു ഫോണില്‍ സംസാരിച്ചു. ഇന്നലെ രാവിലെ നിയമസഭയിലെത്തിയ അജിത്തിനെ ആലിംഗനം ചെയ്താണു ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് വൈ.ബി. ചവാന്‍ സെന്ററില്‍ നടന്ന കോണ്‍ഗ്രസ് എന്‍.സി.പി. യോഗത്തിലും അജിത് പവാര്‍ പങ്കെടുത്തു. എന്‍.സി.പിയുടെ സാമ്പത്തികകാര്യങ്ങള്‍ അജിത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ അദ്ദേഹത്തെ പിണക്കാന്‍ പാര്‍ട്ടി തയാറല്ല.
അദ്ദേഹത്തിനു മന്ത്രിസഭയില്‍ താക്കോല്‍സ്ഥാനം നല്‍കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. എന്നാല്‍, എന്‍.സി.പിയുടെ ആഭ്യന്തരകാര്യങ്ങളില്‍ പരസ്യപ്രതികരണം വേണ്ടെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം.

സര്‍ക്കാരിനു പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുമെന്നാണ് ഒരു എം.എല്‍.എയുള്ള സി.പി.എമ്മിന്റെ നിലപാട്. മൂന്ന് അംഗങ്ങളുള്ള ബഹുജന്‍ വികാസ് അഘാഡിയും സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചു.