പ്രതികാര ബുദ്ധിയോടെ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അത്തരത്തിലുള്ള തീരുമാനങ്ങള്‍ മുന്‍പ് കോണ്‍ഗ്രസാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്പിജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അവരുടെ മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്നും ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സോണിയയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയും വാഹന വ്യൂഹത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടുത്തുകയുമാണ് ചെയ്തത്. മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐകെ ഗുജ്റാള്‍, മന്‍മോഹന്‍ സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നുവെന്നും എന്നാല്‍, ആരും ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.