ബിജെപിക്കൊപ്പം ചേര്‍ന്ന് തിരിച്ചെത്തിയ അജിത് പവാറിന് ത്രികക്ഷി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവി നല്‍കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇത് സംബന്ധിച്ച്‌ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമാണ് തീരുമാനിക്കേണ്ടതെന്നാണ് എന്‍സിപി നേതാവ് സുനില്‍ തട്കരെയുടെ പ്രതികരണം.

അജിത് പവാറിന് ക്യാബിനറ്റ് പദവി ലഭിക്കുകയാണ് എനിക്ക് വേണ്ടത്. എനിക്ക് മാത്രമല്ല, എല്ലാ എന്‍സിപി നേതാക്കള്‍ക്കും അജിത് പവാറിന് മന്ത്രി പദവി ലഭിക്കുകയാണ് വേണ്ടത്.മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സെഷനില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍ മഹാരാഷ്ട്ര മന്ത്രിയായിരുന്ന തട്കരെ കഴിഞ്ഞ ആഴ്ചയിലെ എന്‍സിപി- കോണ്‍ഗ്രസ്- ശിവസേന സഖ്യം രൂപീകരിക്കുന്നതിനും നിര്‍ണായക പങ്ക് വഹിച്ചിരുന്ന നേതാവാണ്.

നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാര്‍ കഴിഞ്ഞ ആഴ്ചയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 54 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ ഉറപ്പുനല്‍കിയാണ് അജിത് പവാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. ശനിയാഴ്ച രാവിലെ രാജ്ഭവനില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് അജിത് പവാര്‍ രാജിവെച്ചതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം കീഴ്മേല്‍ മറിഞ്ഞു.

സുപ്രീം കോടതി അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഫട്നാവിസും രാജിവെച്ചു. തുടര്‍ന്നാണ് ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി എന്നീ പാര്‍ട്ടികളുള്‍പ്പെട്ട ത്രികക്ഷി സഖ്യം അധികാരത്തിലെത്തുന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിന്റെ പക്ഷം ചേരുന്നതില്‍ നിന്ന് എന്‍സിപി എംഎല്‍എമാരെ ശരദ് പവാര്‍ വിലക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗത്വം റദ്ദാക്കാത്തതിനാല്‍ എന്‍സിപിയിലേക്ക് തിരിച്ചുവരാനുള്ള മാര്‍ഗ്ഗം അപ്പോഴും പവാറിന് അവശേഷിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം രാജിവെച്ച്‌ പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്താനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു അജിത് പവാറിന്റെ നീക്കം.