രാത്രിയില്‍ മരങ്ങള്‍ ഓക്‌സിജന്‍ പുറന്തള്ളുന്നു എന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന് അബദ്ധം പറ്റിയത്. മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം.

ഇതോടെ പ്രധാനമന്ത്രിയുടെ അബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാകിസ്ഥാന്‍ സ്വദേശികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജനാണോ പുറന്തള്ളുന്നതെന്ന ചോദ്യവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇമ്രാന്‍ ഖാന്‍ ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇമ്രാനില്‍ നിന്നും ചില പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന അടക്കമുള്ള ട്വീറ്റുകളും ഉണ്ട്.