പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്തേകുന്ന കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹം വിക്ഷേപിച്ചു. ഇന്നലെ രാവിലെ 9.28ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് പിഎസ്‌എല്‍വി സി 47 റോക്കറ്റ് കാര്‍ട്ടോസാറ്റും മറ്റ് 13 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. പിഎസ്‌എല്‍വിയുടെ നാല്‍പത്തിയൊന്‍പതാം ദൗത്യമായിരുന്നു ഇത്. 25നു വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലത്തേക്കു മാറ്റുകയായിരുന്നു.

ചന്ദ്രയാന്‍ രണ്ടിനു ശേഷം ഐഎസ്‌ആര്‍ഒ യുടെ നിര്‍ണായകമായ ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിനാണ് ശ്രീഹരിക്കോട്ട സാക്ഷ്യം വഹിച്ചത്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപിച്ചു 17 മിനിറ്റിനകം കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തില്‍ എത്തി. തുടര്‍ന്ന് ഒന്നിനു പിറകെ ഒന്നായി 13 ഉപഗ്രഹങ്ങളെയും ഭ്രമണപഥങ്ങളില്‍ എത്തിച്ചു. 13 ഇതര സാറ്റലൈറ്റുകള്‍ക്കൊപ്പം കാര്‍ട്ടോസാറ്റും വിജയകരമായി വിക്ഷേപിച്ചവെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. വിക്ഷേപണത്തില്‍ പങ്കെടുത്ത എല്ലാ ശാസ്ത്രജ്ഞ•ാരെയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശീയ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജ് സെന്‍സിംഗ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3ന് ഒപ്പം യുഎസിന്റെ 13 നാനോ സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത്. വിവിധ തലങ്ങളിലെ ഭ്രമണപഥം ഉയര്‍ത്തല്‍ കൂടി നടപ്പാക്കി 509 കിലോമീറ്റര്‍ ഉയരെയുള്ള സ്ഥിര ഭ്രമണപഥത്തിലാണ് കാര്‍ട്ടോസാറ്റിനെ എത്തിച്ചത്.