ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്നും വിദേശത്തേക്ക് കടന്ന തന്റെ മകള്‍ നിമിഷ ഫാത്തിമയും ഭര്‍ത്താവും കുഞ്ഞും അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തിലുണ്ടെന്ന് അമ്മ ബിന്ദു സമ്ബത്ത്. നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ കീഴടങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളായ നിമിഷയും കുടുംബവുമുണ്ടെന്നാണ് ബിന്ദു തറപ്പിച്ച് പറയുന്നത്. നിമിഷ ഫാത്തിമ, ഭര്‍ത്താവ് ബെക്സിന് വിന്‍സന്റ് എന്ന ഈസ, കൊച്ചുമകള്‍ എന്നിവരെ എന്‍ഐഎ കാണിച്ച ചിത്രങ്ങളില്‍ നിന്നും ബിന്ദു തിരിച്ചറിഞ്ഞിരിക്കുന്നത്.
രണ്ടാഴ്ച മുമ്ബ് അഫ്ഗാനിസ്ഥാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ വെച്ചാണ് സുരക്ഷാ സേനയുടെ മുമ്ബാകെ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘം കീഴടങ്ങിയത്. ഇവരുടെ കൂട്ടത്തില്‍ 10 ഇന്ത്യക്കാരുണ്ടെന്നും ഇവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നും ആണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്.
ഈ കൂട്ടത്തിലാണ് നിമിഷയടക്കമുള്ളവര്‍ ഉള്ളതെന്നാണ് ബിന്ദു പറയുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാല്‍ എന്‍ഐഎ അയച്ചു തന്ന ചില ചിത്രങ്ങളില്‍ തന്റെ മകളുടെ ഭര്‍ത്താവിനെയും കൊച്ചുമകളെയും കണ്ടതായി ബിന്ദു സമ്ബത്ത് വ്യക്തമാക്കുകയായിരുന്നു.
നങ്ഗര്‍ഹറില്‍ ഐസിസ് സംഘം കീഴടങ്ങിയതിന് പിന്നാലെയാണ് എന്‍ഐഎ ചില ചിത്രങ്ങള്‍ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതില്‍ തന്റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകള്‍ ഒരു സ്ത്രീയുടെ മടിയില്‍ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, എന്റെ കൊച്ചുമകള്‍ ഇരിക്കുന്നുണ്ടെങ്കില്‍ അത് മകളുടെ മടിയില്‍ തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നത് ബിന്ദു പറയുന്നു, മരുമകന് ബെക്സിന്റേതായി കണ്ട ചിത്രങ്ങള്‍ പാലക്കാട് യാക്കരയിലുള്ള ബെക്സിന്റെ അമ്മ ഗ്രേസിക്ക് അയച്ചുകൊടുത്തെന്നും അവരും അത് സ്വന്തം മകന് തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ബിന്ദു വ്യക്തമാക്കി.