ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന റായ്ബറേലി എംഎല്‍എ അദിതി സിംഗിനെ അയോഗ്യയാക്കാന് കോണ്‍ഗ്രസിന്റെ ശിപാര്‍ശ. ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്കാണു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതുസംബന്ധിച്ചു ശിപാര്‍ശ നല്‍കിയത്.
പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടോബര്‍ രണ്ടിനു നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ അദിതി സിംഗ് പങ്കെടുത്തതാണു കോണ്‍ഗ്രസിന്റെ അതൃപ്തിക്കു പിന്നില്‍. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത 48 മണിക്കൂര്‍ പ്രത്യേക സമ്മേളനം കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ബഹിഷ്കരിച്ചിരുന്നു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കരുത് എന്നു കാട്ടി പാര്‍ട്ടി എംഎല്‍എമാര്‍ക്കു കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. ഇതു മറികടന്നാണ് അദിതി സമ്മേളനത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ മാസം നടന്ന പാര്‍ട്ടി പരിശീലന പരിപാടിയില്‍നിന്ന് അദിതി വിട്ടുനിന്നിരുന്നു. പാര്‍ട്ടി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കിയതുമില്ല. മാത്രമല്ല, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ബിജെപി സര്‍ക്കാരിനു പിന്തുണ അറിയിച്ചും അദിതി രംഗത്തെത്തി.