തൃശ്ശൂര്‍: നൗഷാദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. നൗഷാദ് വധക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മുറിച്ച്‌ കടന്നതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. കേസില്‍ എട്ട് പേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും,ബൈക്കുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് നൗഷാദിന്റെ കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും ആവശ്യം. പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് പ്രോസിക്യൂഷന്‍ വേണ്ട വിധം ബോധ്യപ്പെടുത്താത്തതിനാലാണെന്നും ആരോപണമുണ്ട്. ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി മുന്‍പാകെ സര്‍ക്കാര്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.