ഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഭീകരവാദികളായി മുദ്രകുത്താനുള്ള പാകിസ്ഥാന്റെ ഗൂഢാലോചനയും, ഇതിന് സഹായം നല്‍കുന്ന ചൈനയുടെ നീക്കങ്ങളെയും കുറിച്ച്‌ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളെ അറിയിച്ച്‌ ഇന്ത്യ. ഇന്ത്യക്കാരെ ഭീകരവാദ കുറ്റങ്ങളില്‍ പെടുത്തി ഇവരെ ആഗോള ഭീകരന്‍മാരായി 1267 ഉപരോധ കമ്മിറ്റിയെ കൊണ്ട് പ്രഖ്യാപനം നടത്തിക്കാനാണ് അയല്‍ക്കാരുടെ ശ്രമം.

ഇതുവരെ 1267 കമ്മിറ്റി 130 പാകിസ്ഥാനികളെയും, ആ രാജ്യത്ത് കേന്ദ്രീകരിച്ചിട്ടുള്ള 25 സ്ഥാപനങ്ങളെയും ആഗോള ഭീകരവാദി പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. പാക് കേന്ദ്രമായുള്ള ജെയ്‌ഷെ മുഹമ്മദിലെ മസൂദ് അസറിനെ മെയ് മാസത്തിലാണ് ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ ശക്തമായ നീക്കമാണ് പാക്, ചൈന പ്രതിരോധത്തെ ഭേദിച്ച്‌ ഇയാളെ കൊടുംഭീകരനായി പ്രഖ്യാപിക്കാന്‍ വഴിയൊരുക്കിയത്. ഇതോടെ ഇന്ത്യക്കാരെ ഭീകരന്‍മാരാക്കാനാണ് പാകിസ്ഥാന്റെ ശ്രമം.

യുദ്ധകലുഷിതമായിരുന്ന അഫ്ഗാനിസ്ഥാനില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പദ്ധതികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് ഇതിനായി പാകിസ്ഥാന്‍ ഇരയാക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചൈനയുടെ സഹായത്തോടെ ആറ് ഇന്ത്യക്കാരെ ഭീകരന്‍മാരായി പ്രഖ്യാപിക്കാന്‍ അവര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ കെഇസി ഇന്റര്‍നാഷണലില്‍ സ്റ്റോര്‍കീപ്പര്‍മാരായി ജോലി ചെയ്യുന്ന രാഘവ്ചാരി പാര്‍ത്ഥസാരഥി, ബി. സുധാകര്‍ പെഡിറെഡ്‌ല എന്നിവരാണ് ഒടുവിലായി ഈ ഗൂഢാലോചനയില്‍ ഇരകളായ നിരപരാധികള്‍.

മറ്റ് നാല് ഇന്ത്യക്കാരെ ഭീകരര്‍ ആക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക തടഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരെ ഇന്ത്യയില്‍ നിന്നും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമങ്ങളെന്ന് യുഎന്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.