ഹൂസ്റ്റൺ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ 2019-2020ലെ ഭാരവാഹികൾ ചുമതലയേറ്റു. ഒക്ടോബർ 29 നു ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡണ്ട് റവ.ഐസക്.ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക, അടൂർ-കടമ്പനാട് ഭദ്രാസനങ്ങളുടെ മെത്രാപോലിത്ത അഭിവന്ദ്യ ഡോ.സക്കറിയാസ് മാർ അപ്രേം മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. യേശുക്രിസ്തുവിന്റെ ജീവിതവും ശൈലിയും ജീവിതത്തിൽ ഉൾക്കൊണ്ട് ലോകത്തിൽ പ്രകാശം പരത്തുവാൻ ദൈവിക ദർശനത്തോടെ ജീവിക്കുവാൻ നമുക്ക് കഴിയണം. നാം ആയിരിക്കുന്ന സമൂഹത്തിൽ ലഭിച്ച ദൈവകൃപ നഷ്ടപ്പെടുത്താതെ, സമൂഹത്തെ രൂപാന്തരപ്പെടുത്തിയെടുക്കുവാൻ ഉള്ള വലിയ ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്ന് മെത്രാപോലിത്ത ഉത്‌ബോധിപ്പിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും ചുമതലക്കാർക്കും എല്ലാ ഭാവുകങ്ങളും തിരുമേനി ആശംസിച്ചു.
ഡിസംബർ 25നു ശനിയാഴ്ച വൈകുന്നേരം സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തും. നേറ്റിവിറ്റി സ്റ്റേജ് ഷോ, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, വോളിബോൾ, സോക്കർ ടൂർണമെന്റുകൾ, എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ, എക്യൂമെനിക്കൽ ബൈബിൾ ക്വിസ്, പ്രാർത്ഥനാ വാരം, യൂത്ത് റിട്രീറ്റ് എന്നിവ നടത്തുന്നത്തിനു പൊതുയോഗം അംഗീകാരം നൽകി.
മെത്രാപോലിത്ത തിരുമേനിയെ റവ.ഐസക് പ്രകാശ് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് റവ. ജേക്കബ് പി. തോമസ് തിരുമേനിക്ക് പ്രത്യേക നന്ദി അറിയിച്ചു.
സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറർ രാജൻ തോമസ് കൃതജ്ഞതയും അറിയിച്ചു.
പിആർഓ റോബിൻ ഫിലിപ്പ് അറിയിച്ചതാണിത്,