മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.

പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞേക്കും. ഹോട്ടലുകളില്‍ നിന്ന് ബസുകളിലാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിച്ചത്. എംഎല്‍എമാരെ നിയമസഭാ കവാടത്തില്‍ സുപ്രിയ സുലെ അഭിവാദ്യം ചെയ്തു. അജിത് പവാറിനെയടക്കം സുപ്രിയ അഭിവാദ്യം ചെയ്തത് ശ്രദ്ധേയമായി.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ത്തത്.ബുധനാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 6.40ന് മുംബൈ ശിവജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ശിവസേന അറിയിച്ചു. ഡിസംബര്‍ ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടശേഷം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ മൂന്ന് വരെ ഗവര്‍ണര്‍ ഉദ്ധവ് താക്കറെയ്ക്ക് സമയം നല്‍കിയിട്ടുണ്ട്. നിലവില്‍ എംഎല്‍എ അല്ലാത്ത ഉദ്ധവ് ആറുമാസത്തിനുള്ളില്‍ എംഎല്‍എ ആയോ എംഎല്‍സി ആയോ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം.

തന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ലെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം എന്റെ മുതിര്‍ന്ന സഹോദരനെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി സൂചിപ്പിച്ച്‌ക്കൊണ്ട് ഉദ്ധവ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ഉദ്ധവ് താക്കറയെ ഇളയ സഹോദരനെന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്.

എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഒമ്ബത് മണിയോടെ ഉദ്ധവ് താക്കറെ ഗവര്‍ണറെ കാണാന്‍ രാജ് ഭവനിലേക്ക് പോകും. ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ മറ്റു അംഗങ്ങളെ സംബന്ധിച്ച്‌ ഔദ്യോഗികമായ വിവരങ്ങള്‍ വന്നിട്ടില്ല. ആഭ്യന്തരം, ധനകാര്യം വകുപ്പുകള്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ലഭിക്കുമെന്നാണ് സൂചന.166 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ത്രികക്ഷി സഖ്യ നേതാക്കള്‍ പറഞ്ഞു. അജിത് പവാറും പിന്തുണക്കുന്നുണ്ടെന്ന് എന്‍സിപി നേതാക്കള്‍ അവകാശപ്പെട്ടു.