സര്‍ക്കാരുകളെ വീഴ്ത്തിയും ഭരണംപിടിച്ചും കോണ്‍ഗ്രസ്‌മുക്തഭാരതം യാഥാര്‍ഥ്യമാക്കാനുള്ള ബി.ജെ.പി.യുടെ മോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയിലെ പിഴച്ചുപോയ കരുനീക്കങ്ങള്‍. അമിത് ഷാ കളത്തിലിറങ്ങിയാല്‍ വിജയവുംകൊണ്ടേ മടങ്ങൂ എന്ന ബി.ജെ.പി. അണികളുടെ വിശ്വാസത്തിനും ക്ഷീണമായി. ഭരണഘടനയുടെ എഴുപതാം വാര്‍ഷികദിനത്തിലാണ് ജനാധിപത്യവേദിയില്‍ അരങ്ങേറിയ പാതിരാനാടകത്തിന്‌ പകുതിവെച്ച്‌ തിരശ്ശീലതാഴ്‌ത്തേണ്ടി വന്നതെന്നത് ചരിത്രപാഠം.

പാര്‍ട്ടിയുടെ സംഘാടനപാടവം, ആര്‍.എസ്.എസിന്റെ മാര്‍ഗദര്‍ശനം, അഞ്ചരവര്‍ഷം പൂര്‍ത്തിയായ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ, ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രായോഗികതന്ത്രങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത ബി.ജെ.പി.ക്ക് ദേവേന്ദ്ര ഫഡ്‌നവിസ്-അജിത് പവാര്‍ കൂട്ടുകെട്ട് തകര്‍ന്നത് എളുപ്പം മറക്കാവുന്ന വിഷയമല്ല.

സര്‍ക്കാര്‍രൂപവത്കരണശ്രമങ്ങളില്‍ ബി.ജെ.പി.ക്ക് സമീപകാലത്തുലഭിച്ച ഏറ്റവും വലിയ പ്രഹരമെന്നനിലയില്‍ മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ വിലയിരുത്തപ്പെടും. വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കടന്നുകയറ്റം പ്രതീക്ഷിക്കുന്ന ബി.ജെ.പി.യുടെ ആത്മവിശ്വാസത്തില്‍ ഇടിവുണ്ടാക്കിക്കൊണ്ടാണ് രണ്ടാം മുഖ്യമന്ത്രിപദത്തില്‍നിന്ന് ഫഡ്‌നവിസ് രാജിെവച്ചത്.

അമിത് ഷായുടെ തന്ത്രങ്ങളിലൂടെ ബി.ജെ.പി. തങ്ങളെ വിഴുങ്ങുമെന്ന് ഭയപ്പെട്ട ശിവസേനയും വിസ്മൃതിയിലാക്കപ്പെടുമെന്ന് ആശങ്കപ്പെട്ട കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ സഖ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് പാതിരാനാടകത്തിലൂടെ ബി.ജെ.പി.യും എന്‍.സി.പി. നേതാവ് അജിത് പവാറും കഴിഞ്ഞ ദിവസം അധികാരമേറിയത്.

രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനം കൈയടക്കാനുള്ള ത്രികക്ഷികളുടെ പിന്‍വാതില്‍ നീക്കത്തെ തടയുകയായിരുന്നുവെന്നാണ് ബി.ജെ.പി. ഈ നീക്കത്തെ ന്യായീകരിച്ചത്. ബി.ജെ.പി.-ശിവസേനാ സഖ്യത്തിനുലഭിച്ച ജനസമ്മതി സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ശിവസേന ബലികഴിച്ചെന്നും ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു.

ഭരണഘടനാസ്ഥാപനങ്ങള്‍മുതല്‍ സര്‍ക്കാര്‍സംവിധാനംവരെ ഉപയോഗിച്ചുകൊണ്ടാണ് ഭരണം പിടിക്കാന്‍ ബി.ജെ.പി. കരുക്കള്‍ നീക്കിയത്. കര്‍ണാടകമാതൃകയില്‍ എതിര്‍പക്ഷത്തുനിന്ന് വാഗ്ദാനങ്ങളിലൂടെയും ഭീഷണിയിലൂടെയും അംഗങ്ങളെ അടര്‍ത്തിയെടുക്കാമെന്ന് ബി.ജെ.പി. കണക്കുകൂട്ടിയെങ്കിലും താത്കാലികമായി പാളിപ്പോയി. എന്നാല്‍, ബി.ജെ.പി. നീക്കങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന ധാരണയ്ക്ക് കീഴ്‌വഴക്കമില്ല. മഹാ വികാസ് അഘാഡി സര്‍ക്കാരുണ്ടാക്കിയാലും അധികം ആയുസ്സുണ്ടാകില്ലെന്ന തിരിച്ചറിവില്‍ അടുത്ത തന്ത്രങ്ങള്‍ അണിയറയില്‍ രൂപംകൊള്ളും.

ഭരണംപിടിക്കാനും പാര്‍ട്ടി വളര്‍ത്താനും ഉത്തരാഖണ്ഡ് മുതല്‍ കര്‍ണാടകംവരെ ബി.ജെ.പി. നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മഹാരാഷ്ട്രയില്‍ ആവിഷ്കരിച്ചത്. ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, ഗോവ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സഹായത്തോടെയായിരുന്നു നീക്കങ്ങള്‍. ചില നീക്കങ്ങള്‍ താത്കാലികമായി പാളിയെങ്കിലും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി. എതിര്‍ക്യാമ്ബുകളില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്താണ് അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ചത്.