നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി യോഗം ഇന്ന്. നാളെ നിര്‍വാഹക സമിതി യോഗവും ചേരും. ഒത്തുതീര്‍പ്പാക്കിയ പ്രശ്നം ഷെയ്ന്‍ വൈരാഗ്യ ബുദ്ധിയോടെ വഷളാക്കിയ സാഹചര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്ന നിലപാടിലാണ് സംഘടന. വൈകിട്ട് മൂന്നിനാണ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്. നിലവില്‍ ഷൂട്ടിങ് തുടരുന്ന സിനിമകള്‍ ഷെയിന്‍ നിഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കുന്നതും പരിഗണനയിലുണ്ട്.

ഇന്നു ഭാരവാഹി യോഗത്തില്‍ ഇതു സംബന്ധിച്ചു ധാരണ ഉണ്ടാക്കിയ ശേഷം നാളെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ തീരുമാനം വ്യക്തമാക്കും. ഷെയ്നെ നായകനാക്കിയുള്ള സിനിമകള്‍ തീരുമാനിച്ചിരുന്ന നിര്‍മാതാക്കള്‍ അതില്‍ നിന്നു പിന്‍മാറാനുള്ള സന്നദ്ധത അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടോയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.