ശബരിമല സന്ദര്‍ശനം നടത്തുമെന്ന് വീണ്ടും ബിന്ദു അമ്മിണി. ഇതിന് പൊലീസ് സുരക്ഷ തേടി അല്‍പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും അവര്‍വ്യക്തമാക്കി. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും അവര്‍ ഉയര്‍ത്തി. പൊലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.

അതേസമയം തന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും അവര്‍ പരാതിപ്പെട്ടു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ല. പൊലീസിന്റെ ഗൂഡാലോചന സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. കേസില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച്‌ സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കമ്മിഷണര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നില്‍ വെച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധമുണ്ടായത്. എന്നാല്‍ മുളക് സ്പ്രേ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേഷം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്പ്രേയാണോയെന്ന് സ്ഥിരീകരിക്കാനും പൊലീസിന് സാധിച്ചിട്ടില്ല.