കെ.പി.സി.സി പുനഃസംഘടനയ്ക്കായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പട്ടിക തള്ളി ഹൈക്കമാന്‍ഡ്. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച ചെയ്ത് പട്ടിക തിരുത്തണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ മുല്ലപ്പള്ളിയുടെ ജംബോ പട്ടികയിലെ പകുതിപ്പേരും പുറത്തായേക്കുമെന്നാണ് സൂചന.

പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പകുതിപ്പേരും പ്രായം കൂടിയവരാണെന്നും അമ്ബത് വയസിന് താഴെയുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം. യുവജനങ്ങള്‍ക്കുള്ള പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നേതാക്കള്‍ ഭാരവാഹിത്വം പങ്കുവെച്ചതെന്നാണ് പട്ടികയെക്കുറിച്ച്‌ ഉയരുന്ന മറ്റൊരു ആരോപണം. ഈ പരാതികള്‍ കണക്കിലെടുത്താണ് പട്ടിക പൊളിച്ചെഴുതാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

എ, ഐ ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചവരുടെ പേരുകളും ഒപ്പം നിലവില്‍ ഗ്രൂപ്പ് രഹിതരായ നേതാക്കള്‍ നല്‍കിയ പേരുകളും ഉള്‍പ്പെടുത്തിയ ജംബോ ഭാരവാഹി പട്ടികയാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് നല്‍കിയത്. ഈ പട്ടിക വെട്ടിയ ഹൈക്കമാന്‍ഡ് ഭാരവാഹികളെ സംബന്ധിച്ച്‌ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. കേരളം മാതൃകയാക്കി പുനഃസംഘടന പൂര്‍ത്തിയാക്കാം എന്ന അഭിപ്രായം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തല്‍ കൂടിയാണ് ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍. കൂടുതല്‍ ചെറുപ്പക്കാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തണം, ജാതി, മത പ്രാതിനിധ്യം ഉറപ്പാക്കണം. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം പാലിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണം. ഒപ്പം ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം, ഭാരവാഹിത്വത്തിന് മാനദണ്ഡം വേണം എന്നുമാണ് നിര്‍ദ്ദേശം.

ഒരാള്‍ക്കു ഒരു പദവി എന്നതില്‍ മാറ്റം വരുത്തണമെന്നും 65 വയസ് പിന്നിട്ട പകുതിപ്പേരെ ഒഴിവാക്കണമെന്നുമാണ് തീരുമാനം. പട്ടികയുലെ എംപിമാരെയും എം.എല്‍.എമാരെയും മാറ്റണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിന്റേത്. ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി തയ്യാറാക്കിയ പട്ടിക ഹൈക്കമാന്‍ഡ് തള്ളിയത് മുല്ലപ്പള്ളിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാനുള്ള രാഷ്ട്രീയകാര്യ സമിതി തീരുമാനം നടപ്പാക്കാന്‍ കഴിയാത്തതിന് പിന്നാലെയാണിത്.