മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം സിനിമയിലെ വിവാദ നായകന്‍ സജീവ് പിള്ള നിര്‍മ്മാതാക്കളെ കുരുക്കിലാക്കി പണം തട്ടിയെടുക്കുന്ന വിരുതനാണെന്ന് ആരോപണം. സാമ്പത്തിക തട്ടിപ്പാരോപണം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തി. സജീവ് പിള്ള മാമാങ്കത്തിന് മുന്‍പ് പ്രിയങ്ക നായരെ നായികയാക്കി സംവിധാനം ചെയ്ത പെണ്‍കൊടി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വഴിയാധാരമായത്.

സംസ്ഥാന അവാര്‍ഡ് ജേതാവായ പ്രിയങ്ക നായരുടെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും പേര് ദുരുപയോഗം ചെയ്താണ് സജീവ് പിള്ള ചിത്രത്തിന് നിര്‍മ്മാതാവിനെ കണ്ടെത്തിയത്. ഒരു മാഫിയാ തലവന്റെ സന്തത സഹചാരിയായ മുരളിയുടെയും െ്രെപവറ്റ് സ്‌കൂള്‍ ടീച്ചറായ ഭാര്യ വസുധയുടെയും ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്. അന്‍പത് ലക്ഷത്തോളം രൂപ ചിലവഴിച്ചതിന് ശേഷമാണ് നിര്‍മ്മാതാവിന് താന്‍ ചതിയില്‍ പെട്ടു എന്ന് മനസ്സിലായത്.ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനേക്കാളുപരിയായി സജീവ് പിള്ളയുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞതോടെ നിര്‍മ്മാതാവ് സംവിധായകനുമായി ഉടക്കിലായി. അവസരം മുതലാക്കിയ സജീവ് പിള്ള ക്രിയേറ്റിവിറ്റിയുടെ പേര് പറഞ്ഞ് നിര്‍മ്മാതാവിനെ ഒതുക്കി.

ഇതിന് പല പ്രമുഖരുടെയും ഒത്താശയുണ്ടായിരുന്നു. പെരുവഴിയിലായ നിര്‍മ്മാതാവ് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.ഇതോടെ നിര്‍മ്മാതാവിന്റെ സ്ഥാനത്ത് സ്വയം അവരോധിച്ചു സജീവ് പിള്ള ചിത്രത്തിന് ചിത്ര സഞ്ചാരി എന്ന ബാനറില്‍ മറ്റു പലരുടെയും സഹായം തേടി. പൂര്‍ത്തിയായ ചിത്രം നിരവധി മേളകള്‍ക്കയച്ചെങ്കിലും നിലവാരമില്ലാത്തതിനാല്‍ തിരസ്‌കരിക്കപ്പെട്ടു. ഇതോടെ പണം നല്‍കിയ പലരും ഇടഞ്ഞു. നിരവധി വിതരണക്കാരെ സമീപിച്ചെങ്കിലും നിലവാരമില്ലായ്മ തടസ്സമായി. ഈ സമയത്താണ് മാമാങ്കം നിര്‍മ്മാതാവ് സജീവ് പിള്ളയുടെ വലയില്‍ വീഴുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി സജീവ് പിള്ള നല്‍കുന്ന മാധ്യമ അഭിമുഖങ്ങളിലെല്ലാം തന്റെ ആദ്യ സിനിമാ സംരംഭം മാമാങ്കമാണെന്ന് പറയുന്നുണ്ടായിരുന്നു. വിവാദങ്ങളില്‍ പെട്ട പെണ്‍കൊടി സിനിമയുടെ ചരിത്രം അറിഞ്ഞാല്‍ തനിക്ക് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള പിന്തുണ ഇല്ലാതാകുമെന്ന ഭയമാണ് പെണ്‍കൊടിയെ വിഴുങ്ങാന്‍ സജീവ് പിള്ളയെ പ്രേരിപ്പിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.