ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഇന്ന് ലക്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടതില്ലന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ആദ്യ തീരുമാനമെങ്കിലും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിയമ പോരാട്ടം തുടരണമെന്ന ഒരു വിഭാഗത്തിന്‍റെ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് യോഗം ചേര്‍ന്നത്.

യോഗത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ ഒരാള്‍ മാത്രമാണ് എതിര്‍പ്പ് രേഖപ്പെടുത്തിയതെന്നും അന്തിമ തീരുമാനം ബോര്‍ഡ് ഐകകണ്‌ഠേന എടുത്തതാണെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗം അബ്ദുള്‍ റസാഖ് ഖാന്‍ അറിയിച്ചു.
അതേസമയം, പള്ളിക്കായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയുടെ കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്.