തിരുവനന്തപുരം: ബിന്ദു അമ്മിണി ശബരിമലയില്‍ എത്തിയത് മന്ത്രി എകെ ബാലനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നഷ്ടപ്പെട്ട പിന്തുണ തിരിച്ച്‌ പിടിക്കാനുള്ള സര്‍ക്കാര്‍ ഗൂഡാലോചനയാണ് ഇന്ന് നടന്ന സംഭവങ്ങളെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കുറിപ്പ് വായിക്കാം

തൃപ്തി ദേശായിയുടേയും സംഘത്തിന്റെ വരവിനുപിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ല. ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച്‌ വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള നാടകമാണോ എന്ന കാര്യം അന്വേഷിക്കണം. വന്നവര്‍ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാടകം കളിച്ചു?

തിരിച്ചയയ്ക്കാന്‍ മണിക്കൂറുകള്‍ വൈകിയതെന്തിന്? എ. കെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലന്‍ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല?, സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു. അതേസമയം ശബരിമലയില്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമേന്ദ്രന്‍ ആരോപിച്ചു. ആക്റ്റിവിസം കളിക്കാന്‍ മറ്റ് വേദികളുണ്ടായിട്ടും ശബരിമലയില്‍ പോയി നാടകം കളിക്കേണ്ട കാര്യമില്ല. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.