മഹാരാഷ്‌ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന്‌ സുപ്രീം കോടതി. സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ വിധി. ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്‌നവിസിന്‌ ഗവര്‍ണര്‍ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കുകയാണ്‌ ചെയ്‌തത്‌. നാളെ അഞ്ച്‌ മണിക്ക്‌ മുമ്ബായി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി പറഞ്ഞു.

സഭാ നടപടികള്‍തത്സമയം സംപ്രേക്ഷണം ചെയ്യണം. രഹസ്യ ബാലറ്റ്‌ പാടില്ല. രണ്ടാഴ്‌ചത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയില്‍ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.