ശബരിമല ദര്‍ശനത്തിനായി തൃപ്‍തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ചയാള്‍ പിടിയില്‍. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ പ്രതിഷേധിക്കുകയായിരുന്നു.

ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല. തൃപ്‍തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും നാലംഗ സംഘവും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്.