മുന്‍ ന്യുയോര്‍ക്ക് സിറ്റി മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് പ്രസിഡന്റ് സ്ഥാനാര്‍ഥി. 77 വയസുള്ള ബ്ലൂംബെര്‍ഗ് ലോകത്തിലെ ഒന്‍പതാമത്തെ ഏറ്റവും വലിയ പണക്കാരനാണ്. അതിനാല്‍ പ്രചാരണ ചെലവ് സ്വയം വഹിക്കും. കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വ്യതിയാനത്തിനെതിരെയും തോക്കു നിയന്ത്രണത്തിനു വേണ്ടിയും 100 മില്യന്‍ കൂളായി ചെലവിട്ട ബ്ലൂംബര്‍ഗിനു നാട്ടുകാരുടെ സംഭാവന ആവശ്യമില്ലെങ്കിലും നിശ്ചിത എണ്ണം ആളുകള്‍ സംഭാവന നല്കിയില്ലെങ്കില്‍ ഡിബേറ്റില്‍ പങ്കെടുക്കാനാവില്ല.

നിലവിലുള്ള ന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡിബ്ലാസിയോ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ശ്രമിച്ചതാണെങ്കിലും പിന്തുണ പോരാ എന്നു കണ്ട് കളം വിട്ടപ്പോഴാണു മുന്‍ മേയര്‍ എത്തുന്നത്.

മുന്‍പ് റിപ്പബ്ലിക്കനായിരുന്നു ബ്ലൂംബെര്‍ഗ്. മൂന്നു തവണ ന്യു യോര്‍ക്ക് മേയറായി. അന്നു പോലീസ് ആഫ്രിക്കന്‍ അമേരിക്കരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ച (സ്റ്റോപ്പ് ആന്‍ഡ് ഫ്രിസ്‌ക്ക്)നയത്തില്‍ ബ്ലൂംബര്‍ഗ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ജനം അതു സ്വീകരിച്ചതായി ഉറപ്പില്ല. 9/11-നു ശേഷം ന്യു യോര്‍ക്ക്പുനര്‍ നിര്‍മ്മിക്കുകയും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുകയും വലിയ തോതില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്നു ചൂണ്ടിക്കാട്ടിയാണ് ബ്ലൂംബര്‍ഗ് രംഗത്തു വന്നത്.

എന്നാല്‍ ആദ്യ പ്രൈമറികള്‍ നടക്കുന്ന അയോവയിലോ ന്യു ഹാമ്പ്ഷയറിലോ ഒരു പ്രതികരണവും സ്രുഷ്ടിക്കാന്‍ ബ്ലൂംബര്‍ഗിനായിട്ടില്ല. അതിനാല്‍ ആദ്യ പ്രൈമറികളില്‍ നിന്നു വിട്ടു നില്ക്കാനാണൂ തീരുമാനം.

ദേശീയ തലത്തില്‍ രണ്ടര ശതമാനം പേര്‍ ബ്ലൂംബര്‍ഗിനെ തുണക്കുന്നു. നിലവിലുള്ള ഒന്‍പത് സ്ഥാനാര്‍ഥികളേക്കാള്‍ മെച്ച്ചം.

പക്ഷെ ബൈഡന്‍ 30 ശതമാനം പിന്തുണയോടെ മുന്നിലുണ്ട്. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് 19, സെനറ്റര്‍ എലിസബത്ത് വാറന്‍ 15 എന്നിങ്ങനെയാണു തൊട്ട് പിന്നിലുള്ളവരുടെ പിന്തുണ.

അയോവയില്‍ മേയര്‍ പീറ്റ് ബട്ടിഗും ന്യു ഹാമ്പ്ഷയറില്‍ എലിസബത്ത് വാറനുമാണു പിന്തുണയില്‍ മുന്നില്‍.